Tuesday, April 9, 2019

ആഴം



തോണി വലത്തേക്ക് ചായുമ്പോഴും
കടലാസ് പായ്മരം തലപൊക്കി നിന്നിരുന്നു
കടലാസിൽ എന്തോ കോറി വെച്ചിരുന്നു
മോഹങ്ങളാവാം സ്വപ്നങ്ങളാവാം

പായ്മരത്തുമ്പിൽ അടരാതെ നിന്ന ഒരക്ഷരം
നനഞ്ഞ മോഹങ്ങൾക്ക് ഭാരമേറുന്നത് കണ്ടുനിന്നു

പാഴ്സ്വപ്നമെന്തെന്നു പായ്മരത്തണലിൽ ഒറങ്ങിയ വാക്കുകൾ അറിഞ്ഞില്ല
മുങ്ങുന്ന കടലാസുതോണിയിൽ
നനഞ്ഞ വാക്കുകൾ പിടഞ്ഞു

ചില വാചകങ്ങൾ കുറുകെ വെട്ടിയിരുന്നു -
ഏതോ വേലിക്കുള്ളിൽ മരിച്ച മോഹങ്ങളുടെ ദേഹമടക്കിയ വാചകങ്ങൾ

അക്ഷരങ്ങളും വാക്കുകളും ഏതോ വാചകങ്ങും
ഭാരമേറിയ സ്വപ്നങ്ങളും, സ്വപ്നഭാരങ്ങളും
കടലാസിൽ പതിഞ്ഞിരുന്ന കണ്ണീർക്കറയും കൺമഷിപ്പാടും

ഞാനും, എന്റെ ആഴങ്ങളിൽ നിറഞ്ഞ നീയും, എതോ കവിതയും
പായ്മരത്തുമ്പിലെ ഒറ്റയക്ഷരവും
അറിയാതെ മുങ്ങുന്നു

ആഴിയല്ല ഞാൻ നിന്നാഴങ്ങളിൽ നിറയാൻ, വെറും കടലാസാണ്, നിന്നെ മാത്രം എന്നിൽ വരച്ചിടാൻ - മരിക്കുന്ന അമരത്ത് ആരോ എഴുതിയിരുന്നു

മുങ്ങിത്താഴുമ്പോഴും നമ്മൾ അറിയുന്നില്ല
ഇതേതാഴിയെന്നും, അവളുടെ ആഴമെന്തെന്നും

Monday, March 11, 2019

ഇടവപ്പാതി

എഴുത്തിന്റെ അങ്ങാടി
ചെറുകടകൾ
വഴിവാണിഭക്കാർ

ഇടക്ക് പതിയെ പെയ്ത മഴ
നേരം എന്താണ്? അറിയില്ല
ഇടവത്തിന്റെ അരക്കെട്ടിൽ മഴ
പാതിമയക്കത്തിൽ ഇടവം

ഇടതും വലതും കച്ചവടം
കമ്പോള ടാർപ്പാളിൽ കൂരകളിൽ
മഴയുടെ മണമേറ്റു മയങ്ങുന്ന
വാക്കുകൾ, വരികൾ, കഥകൾ, ജീവിതങ്ങൾ

പുസ്തകത്തിൽ ജനിച്ചവർ
അതിൽ മരിച്ചവർ
മരിക്കാതെ മഴയായ് പെയ്യുന്നവർ

മഴ പെയ്തപ്പോൾ നാണിച്ച നേരത്തിന്റെ
അരക്കെട്ടിൽ ആരോ കോറിയിട്ടുവത്രേ -
ഇടവപ്പാതിയെന്ന്

നേരമെന്തെന്നു അറിയാതെ
ഇടവപ്പാതിയിൽ നനഞ്ഞ ഞാനും
എന്റെ കുഞ്ഞക്ഷരങ്ങളും

ചേരാതെ ചേരുന്ന അക്ഷരങ്ങൾ
തോരാതെ പെയ്യുന്ന അക്ഷരങ്ങൾ
ചോരുന്ന ചോരക്കു പെയ്യാൻ
നേരായ നേരം ഇല്ലല്ലോ

എന്റെ അക്ഷങ്ങൾക്ക് കർക്കിടകമാണ്
നനഞ്ഞ അക്ഷരങ്ങൾക്ക് ഭാരമേറുമത്രേ
അകം പുറമാക്കി അങ്ങാടിയിൽ വാക്കുപട്ടങ്ങൾ പറക്കാറുണ്ടത്രേ

മഴയത്ത് അവ പക്ഷികളാവും
ചിറക് വിരിക്കും
പിന്നെ അവരുടെ കൂട്ടിൽ
അടയിരിക്കും

ചോരുന്ന ഭാരമേറുന്ന അക്ഷരങ്ങൾ
കൂടുന്നില്ല, ചേരുന്നില്ല
മഴപെയ്യുന്ന നേരമെല്ലാം ഇടവമോ
ഇടവത്തിൽ മഴ പെയ്യുന്നതോ എന്നവർക്കറിയില്ല

വാങ്ങുവാൻ ആളില്ലാതെ
അങ്ങാടിയിൽ ഞാനും എന്റെ അക്ഷരങ്ങളും വെറുതെ പെയ്തു...

തുള്ളികളായ് ഏതോ മണൽതരികളിൽ
എന്റെ അക്ഷരങ്ങൾ അരിച്ചിറങ്ങി
നേരമറിയാതെ കുളിരിൽ നീരാവിപോലെ ഞാൻ പറന്നുയ്യർന്നു - ഒരു കവിതയായി

ഉയർന്നു പറന്നാൽ മഴപ്പന്തൽ കാണാം...
അക്ഷരങ്ങൾ അരിച്ചിറങ്ങുന്ന നേരത്തിന്റെ
അരക്കെട്ടു കാണാം...

അതിൽ ആരോ വെറുതെ അക്ഷരങ്ങൾ ചേർത്തുവെച്ച് -
വലിയൊരു വാക്കോളം ചെറുതായ കവിത കോറിവരച്ചിരിക്കുന്നു - "ഇടവപ്പാതി"



Saturday, January 6, 2018

വഴിത്താര

ഇനി നമുക്ക് കാണാം, അവിടെ വച്ച്
അവിടെവിടെയോ മറവിയുടെ വഴിത്താരയിൽ

മറക്കുവാൻ കാരണങ്ങൾ പലതുണ്ട്
ഓർമ്മയെ മൂടിവെച്ച പെട്ടിമേൽ അതെഴുതിയിരുന്നില്ല

എങ്കിലും ഇനി നമുക്ക് കാണാം
എവിടെയെന്നറിയില്ലെങ്കിലും ആ വഴിത്താരയയിൽ

അവിടെ തണലുണ്ടോ പൂവുണ്ടോ? അറിയില്ല
എങ്കിലും കാൽപ്പാടുകളുണ്ട് എന്റെയും നിന്റെയും

ഒരുമിച്ചു ചേർന്നു രണ്ടായ് പിരിഞ്ഞ കാൽപ്പാടുകളുണ്ടോ?
മരവിച്ച ഓർമ്മകൾ മറവയിയെ കാർന്നുതിന്നുന്നു

വഴിപോക്കൻ വഴുതിവീണ വഴിവക്കിൽ
വഴിചോറുണ്ണാൻ വഴിതെറ്റിപോലും വന്നില്ല വാവ്

ഇനി നമുക്ക് കാണാം; കണ്ടതൊക്കെ ഓർമ്മപ്പെട്ടിയിൽ അകപ്പെട്ട് മറഞ്ഞെങ്കിലും

മറയാത്ത ഏതോ വഴിത്താരയിൽ, ഓർമ്മയും മറവിയും രണ്ടായി പിരിയുന്ന മുക്കിൽ

ഇനി നമുക്ക് കാണാം, അവിടെവച്ച്

Saturday, December 30, 2017

ജമീല



ബാംഗ്ലൂരിലെ ഒരു തിരക്കുള്ള പബ് ആണ്. ഒരു ബ്രേക്കപ്പിന്റെ ഹാങ്ങോവറിൽ നിന്നും നാരായണൻ തികച്ചും വിട്ടുമാറിയിട്ടില്ല. ആകെ ഒരു പുക. ജീവിതം കട്ടപ്പുക. പിന്നെ സിനിമയിലും ജീവിതത്തിലും എന്ന പോലെ വെള്ളമടി തുടങ്ങി. ആദ്യം കയ്ക്കുകയും പിന്നെ എരിയുകയും ചെയ്യുന്ന മദ്യം അയാൾക്കു പകർന്ന മഥുരം തെല്ലൊന്നുമല്ലായിരുന്നു. മിന്നിമായുന്ന ഇത്തിരിവെട്ടത്തിൽ ബോധത്തെ കുറുകെ വെട്ടുന്ന ബീറ്റ്സ് ഡി.ജെ പ്ലേ ചെയ്യുന്നുണ്ട്. അയാൾ മങ്ങിയ കാഴ്ചയോടെ താഴെ റോഡിലേക്ക് നോക്കി. റോഡിന്റെ മറുവശത്ത് ഒരു പഴയ വീട്. പൊളിഞ്ഞെങ്കിലും ഏതൊക്കെയോ കഥകൾ അത് സൂക്ഷിച്ചിരുന്ന പോലെ. എന്തിന്റെയോ ഓർമ്മക്കുറിപ്പായി മരിക്കാതെ മരിച്ച് അവൾ അങ്ങനെ തലപൊക്കി നിന്നു. അയാളെ പോലെ. പെട്ടെന്നാണ് ശ്രദ്ധിച്ചത് അവിടെ എന്തോ ഒന്നു അന്നങ്ങുന്നു. അയാൾ ചെറിയ ഭയത്തോടു തന്നെ നോക്കി നിന്നു. ഇരുട്ടിൽ നിന്നും ഒരു രൂപം മെല്ലെ പുറത്തേക്കു വരുന്നു. കറുത്ത വേഷം. കുടിച്ച മദ്യം മുഴുവൻ എതോ ദാഹമായി നാക്കിനെ ഉള്ളിലേക്ക് വലിച്ചിഴക്കുന്നത് പോലെ. അപ്പോഴാണ് അവൾ മെല്ലെ വെളിയിലേക്ക് വന്നത്. ജമീല.

സമയം രാത്രി ഏഴായിരിക്കുന്നു. എന്താണീ കുട്ടി രാത്രി ഒറ്റക്ക് ആ വീട്ടിൽ ചെയ്യുന്നത്. പർദ്ദ ധരിച്ചിരുന്നത് കൊണ്ട് കാല് നിലത്തു മുട്ടുന്നുണ്ടോയെന്ന് വ്യക്തമല്ല. നമ്മുടെ നാരായണനും കൗതുകം ലേശം കൂടുതലാണെന്ന് വെച്ചോളു. ചെക്ക് ക്ലിയർ ചെയ്ത് അയാൾ താഴെയെത്തി. റോഡിന്റെ മറുവശത്ത് അവൾ അപ്പോഴും നിൽപ്പുണ്ടായിരുന്നു. ഇടതുകൈയ്യിൽ ഒരു ചെറിയ ഡയറിയായിരിക്കണം, ഒരു പേനയും. വലതു കൈകൊണ്ട് ഫോണിൽ എന്തോ ചെയ്യുകയാണ്. രണ്ടും കല്പ്പിച്ച് നാരായണൻ റോഡ് ക്രോസ് ചെയ്ത് അവളുടെ അടുത്തേക്ക് നീങ്ങി. വെളുത്ത നിറം. നീണ്ട മുഖം. നീണ്ട തീക്ഷ്ണമായ കണ്ണുകൾ. കമ്പിവെച്ച പല്ലുകൾ. ഫോണിലേക്ക് നോക്കി ആരെയോ പഴിക്കുകയാണ്. പുറകിൽ ഒരു കോളേജ് ബാഗും ധരിച്ചിട്ടുണ്ട്. അല്ല പ്രേതമല്ല. അയാൾ അയാളോട് തന്നെ പറഞ്ഞു.
" ഹൈ " അയാൾ രണ്ടും കൽപ്പിച്ചു പറഞ്ഞു
''ഹെലോ"
"വാട്ട് യു ഡൂയിയ്ങ്ങ് ഹിയർ? ഇഫ് ഐ കാൻ ആസ്ക്"
"ജസ്റ്റ് എക്സ്പ്ലോറിങ്ങ് ദ് റുയിൻസ്''
പൊളിഞ്ഞ വീട്. അതിലുറങ്ങിക്കിടക്കുന്ന രഹസ്യങ്ങൾ. അത് കണ്ടും കാണാതെയും സങ്കൽപ്പിച്ചും അവൾ മാളികകൾ തീർത്തിരുന്നു. ഒരുതരം ഭ്രാന്ത്. ഒരു നിമിഷത്തെ നിശബദതയ്ക്കു ശേഷം അവൾ പറഞ്ഞു. "സം റുയിന്സ് ആർ മിസ്റ്റീരിയസ്ലി ബ്യൂട്ടിഫുൾ". ചില അവശേഷിപ്പുകൾക്ക് ഏതോ നിഗൂഡമായ ഭംഗിയുണ്ട്. ശരിയാണ്. അയാൾ മെല്ലെ ചിരിച്ചു. കമ്പിവെച്ച പല്ലുകൾ കാട്ടി അവൾ ചിരിച്ചു, അതെ എനിക്ക് ഭ്രാന്താണ് എന്നോണം. "മിസ്റ്ററി ഈസ് ഓൾവേസ് ബ്യൂട്ടിഫുൾ" അയാൾ വെറുതെ പറഞ്ഞു. "നോട്ട് റിയലി" അവൾ ചിരിച്ചു കൊണ്ടു ചോദിച്ചു "വാട്ട് യു ഡൂയിങ്ങ്? ഹിറ്റിങ്ങ് ഓൺ മി?" അയാൾ ഒന്നു ചിരിച്ചതേയുള്ളു. അയാളുടെ ഭാഷയിൽ, ഒരു നല്ല തേപ്പു കിട്ടിയിരിക്കുന്ന സമയം. ഇപ്പൊ മറ്റൊരു പെണ്ണിനെക്കുറിച്ച് ആലോചിക്കാനേ വയ്യ. "നാരായണൻ" കൈനീട്ടി അയാൾ സ്വയം പരിയപ്പെടുത്തി.
"ജമീല"

അപ്പോഴേക്കും അവൾ ബുക്ക് ചെയ്ത ക്യാബ് വന്നിരുന്നു. ''വെയർ കാൻ ഐ ഫൈൻഡ് യു'' പോകുന്നതിനു മുന്പായി അയാൾ ചോദിച്ചു. ഒരു ഇൻസ്റ്റാഗ്രാം ഐ ഡിയും പറഞ്ഞ് അവൾ വണ്ടിയിൽ കയറി പോയി. ആ പഴയ വീടിന്റെ പടിയിൽ അയാൾ മെല്ലെ ഇരുന്നു. ഉറങ്ങിക്കിടക്കുന്ന ഏതോ കഥകൾക്ക് ജീവൻ വെക്കുന്നപോലെ. ഇടറിമരിച്ച ഏതോ ശബ്ദങ്ങൾ പ്രതിധ്വനിച്ച് ഉണരുന്നതുപോലെ. വെളിച്ചവും ശബ്ദവുമായ് മണ്ണടിഞ്ഞ രഹസ്യങ്ങൾ തെളിയുമത്രെ. അപ്പോഴല്ലേ നമുക്കത് കാണാനും കേൾക്കാനും സാധിക്കു? അയാൾ അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നു. കൂടുതലും അവളുടെ എഴുത്തുകൾ ആയിരുന്നു. രണ്ടും മൂന്നും വരിയുള്ള കോട്സ്. കൂട്ടിൽ അകപ്പെട്ട കിളിയുടെ വേദനയും, നഷ്ടപ്രണയവും, തീക്ഷ്ണമായ പ്രണയവും വിഷയങ്ങളായി. എന്തോ അവളോട് കൂടുതൽ സംസാരിക്കാൻ അയാൾക്ക് തോന്നി. അവശേഷിപ്പുകളിലെ നിഗൂഡത ഇഷ്ടപ്പെടുന്ന അവൾക്ക് അയാളെ ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണവും അയാളും കണ്ടില്ല. മെല്ലെ അയാൾ ആ വീട്ടിലേക്ക് തിരിഞ്ഞു വെറുതെ വിളിച്ചു. 'ജമീലാ'

ഇനി ജമീലയുടെ കഥയാണ്. അവൾ ജയിലിലാണ് എന്നാണവൾ പറയാറ്. ശരിയാണ്. അബുജാൻ എന്നവൾ വിളിക്കുന്ന അച്ഛൻ അവളെ പുറത്തു വിടാറില്ല. ഫോൺ കൈയ്യിൽ കൊടുക്കാറില്ല. വായനയിൽ താൽപ്പര്യം ഉള്ള അവളെ വായിക്കാനും സമ്മതിക്കാറില്ല. അവളേയും അവളുടെ ബോയ്ഫ്രണ്ട് ജോയലിനേയും ഒരുമിച്ചു കണ്ടതിൽപ്പിന്നെയാണിത്. ജോയൽ നൈസ് ആയി സീൻ വിട്ടെങ്കിലും ജമീ ഇന്നും അവളുടെ ജോയെ മറന്നിട്ടില്ല. ഇത്രയും കഥ നാരായണൻ അവളോട് ഇൻസ്റ്റയിൽ സംസാരിച്ച് മനസ്സിലാക്കി. പിന്നെ ബാംഗ്ലൂർ യൂണിവേർസിറ്റിയുടെ സിസ്റ്റൻസ് എഡുകേഷനിൽ ചേർന്ന് ഉർദു വിൽ എം.ഐ എടുക്കുകയാണ് അവൾ ഇപ്പോൾ. ശനിയും ഞായറും ഇടക്ക് ക്ലാസ്സ് ഉണ്ട്. ക്ലാസ്സെന്നും പറഞ്ഞ് അവൾ ഇറങ്ങും. അവളുടെ ലോകത്ത് പാറിപ്പറക്കും. എഴുതും. വായിക്കും. പിന്നെ തിരിച്ചു പോകും. അവളുടെ അമ്മിജാൻ അവരുടെ കൂടെയല്ല താമസം. അമ്മയും അച്ഛനും പിരിഞ്ഞെങ്കിലും ഇടക്ക് അവൾ അമ്മയെ കാണാറുണ്ട്. യാ അള്ളാഹ്! എന്റെ ഈ ബോറൻ കഥ മാത്രം സംസാരിച്ചാൽ മതിയോ? അവൾ ഇൻസ്റ്റയിൽ ചോദിക്കും.നാരായണന്റെ കഥ പറയേണ്ടതല്ല. ഉറങ്ങിയുറച്ച രഹസ്യങ്ങൾ ഉണർന്നുവരുമ്പോൾ കാണേണ്ടതാണ്. അതു കൊണ്ടുതന്നെ അയാൾ ചോദിച്ചു "ആപ്കോ എക് ദിൻ മിൽ സക്തേ ഹേ ജീ?"
"ഹാൻ ദദ്ദു ഹാൻ" അടുത്ത ക്ലാസ്സിന്റെയന്ന് കാണാമെന്ന് അവൾ സമ്മതിച്ചു. പ്രായത്തിൽ അൽപം മൂത്ത നാരായണനെ അവൾ ദദ്ദു ,മുത്തച്ഛൻ, എന്നാണ് വിളിച്ചിരുന്നത്. എവിടെ വച്ച് കാണണം എന്നതിൽ അവർക്ക് സംശയം ഒന്നുമുണ്ടായിരുന്നില്ല. ആ വീട്ടിൽ വച്ചു തന്നെ. ആ വീടും ആരെയോ തിരയുന്നുണ്ടായിരുന്നു - ജമീല.

അങ്ങനെ പറഞ്ഞ സമയത്ത് തന്നെ അവൾ വീട്ടിൽ എത്തി. നാരായണൻ എപ്പോഴും ലേറ്റ് ആണ്. വീടിന്റെ ഉറങ്ങിക്കിടന്ന രഹസ്യങ്ങൾ ഉണർന്നുവന്നു.
അവൾക്ക് എതോ നഷ്ടപ്രണയത്തിന്റെ കരച്ചിൽ അവിടെവിടെയോ നിറയുന്നതായ് കാണാമായിരുന്നു. തൂണുകൾ പൊട്ടിച്ച് ചെറിയ ചെടികൾ ഏതോ കാറ്റിലാടി. മാറാലയും ചിതലും ചുവരുകൾ താഴെ വീഴാതെ പിടിച്ചു നിർത്തിയിരിക്കുന്നുവോ? വീട്ടിലെ പല സാധനങ്ങളും പലരും എടുത്തു കൊണ്ടു പോയിരിക്കണം. ജനലുകളില്ല വാതിലുകളില്ല. ആർക്കും അകത്തു കടക്കാം. പുറത്തു പോകാം. പോകാമോ? അറിയില്ല. അവൾ ആ ഭിത്തിയിൽ മെല്ലെ കൈകൾ ഓടിച്ചു നോക്കി. അതിൽ എന്തോ കോറിയിരിക്കുന്നു. പൊടിതട്ടി അവൾ വായിച്ചു. നാരായണൻ, ജാനകി. കൊള്ളാലോ നമ്മുടെ ദദ്ദുവിന്റെ... അവളുടെ ചിന്തയേ നടുക്കും വിധം ഒരു രൂപം അവളുടെ മുന്നിൽ വന്നു. നമ്മുടെ നാരായണൻ തന്നെ. ഉറങ്ങിക്കിടന്ന എതോ രഹസ്യങ്ങൾ വെളിച്ചവും ശബ്ദവുമായി വന്നു. അവൾക്കത് കാണാമായിരുന്നു. അയാളുടെ കഥ. അത് അവൾക്കു മാത്രം അറിയാവുന്ന കഥ - നാരായണൻ. അന്ന് രാത്രി അവൾ വീട്ടിൽ എത്തി അവളുടെ ഭിത്തിയിൽ കുറേ രഹസ്യങ്ങൾ കോറിവച്ചു. അതിങ്ങനെ വായിച്ചു - ജമീല.

Monday, July 31, 2017

മിന്നാമിനുങ്ങ്


മിന്നാമിനുങ്ങ്

ഋതുക്കൾ കടന്നുവരാത്ത ഇരുട്ടിന്റെ വീടായിരുന്നു മനസ്സ്
എങ്കിലും ഇരുട്ടിനും ഒരു സുരക്ഷിതത്വമുണ്ട്

ഇരുട്ടിന്റെ അറയിൽ വരിയിൽ വച്ചിരിക്കുന്ന പളുങ്കുപാത്രങ്ങൾ
ഇരുട്ടിൽ തിളങ്ങുവാനാവില്ലെങ്കിലും അവർ സുരക്ഷിതരാണ്

പളകുപാത്രങ്ങൾ നിറയെ ലഹരിയാണ്... ആരോ നുണയാതെ പോയ ലഹരി
എഴുതാതെ പോയ വരികൾ ലഹരിയായ് പളുങ്കുപാത്രങ്ങളിൽ നിറയുമ്പോൾ...

വെളിച്ചത്തിന്റെ കണികയായ് ഏതടഞ്ഞ കിളിവാതിലിലൂടെയായ് നീ വന്നു?
എന്റെ മിന്നാമിനുങ്ങേ! എഴുത്തിന്റെ ലഹരി ഇന്നൊഴുകുകയാണ്

രാവിനും പകലിനും ഋതുക്കൾക്കും യുഗങ്ങൾക്കും മീതെ,
കാലത്തിന്റെ അതിർവരമ്പുകൾക്കുമപ്പുറത്ത്

എഴുതാൻ മറന്ന കവിതയുടെ ലഹരി നുണയുകയാണിന്നെന്റെ പാടാൻ മറന്ന ചുണ്ടുകൾ...

Saturday, May 6, 2017

വീണ്ടും മരിക്കുമ്പോൾ

ഇന്നു ഞാൻ എന്റെ കൈകൾ നീട്ടി ശൂന്യതയെ പുണർന്നു
എന്റെ കൈകൾ നിന്നെ മറന്നിരിക്കുന്നു
കൈകൾ മെല്ലെ ഉയർത്തി ഞാൻ എന്റെ ഇടതു കൈയ്യിൽ ഉമ്മവെച്ചു
എന്റെ കൈകളിൽ ഒതുങ്ങാൻ എന്റെ ശൂന്യത മിടുക്കിയാണ്
നിന്നെപ്പോലെ
മറയുന്ന സന്ധ്യകളിൽ ഞങ്ങൾ മരിക്കുന്നു, ഞാനും എന്റെ ശൂന്യതയും
പണ്ട്, എന്റെ പ്രണയമേ, നമ്മൾ മരിച്ചപോലെ

Sunday, October 30, 2016

വിലക്കപ്പെട്ട കനി



അവളുടെ തിളങ്ങുന്ന കണ്ണുകളിൽ
തെളിഞ്ഞിരുന്ന നിശ്ചയദാർഢ്യം

അതിൽ ഒളിച്ചിരുന്ന കള്ളച്ചിരി
വാ പൊളിച്ചിരുന്ന ദാഹം

ഒരൊറ്റ ശ്വാസത്തിൽ അവന്റെ
പരിഭ്രമങ്ങളെ അവൾ ഉള്ളിലേക്കെടുത്തുവോ

അഴിച്ചിട്ട മുടിയിൽ
ഒളിച്ചിരുന്ന നിഗൂഢ ഗന്ധം

പളുങ്കുഗ്ലാസ്സിൽ ഒഴിച്ച റമ്മല്ലായിരുന്നു
അന്നവന്റെ ലഹരി

വെളുത്ത പല്ലു കടിച്ച മൂക്കിൽ
തടഞ്ഞ ഏതോ ഗന്ധമായിരുന്നു

ഉറങ്ങുന്ന മനസ്സിൽ
ഉണരുന്ന മോഹമുണ്ട്

ഉണർന്ന മോഹങ്ങൾക്ക്
ചിറകുണ്ട്, സുഖമുണ്ട്

നഖങ്ങൾ കോറിയ മേനിയിൽ
പൊടിഞ്ഞ ചോര

ചോരയും തേനാണ്
മോഹച്ചുവപ്പിന്റെ സത്താണ്

കെട്ടിപ്പുണർന്ന മോഹങ്ങൾ
ഉയർന്നു, പറന്നു

പറന്ന മോഹത്തിന്റെ ഗന്ധം
അവിടാകെ പരന്നു

കെട്ടടങ്ങി കണ്ണു തുറക്കുമ്പോൾ
അവളുടെ കണ്ണ് തിളങ്ങുന്നുണ്ടായിരുന്നു

ഇല്ല അവനെ കാത്ത് ആരും ഇല്ല
അവൻ കള്ളം പറഞ്ഞു

ഇല്ല ഞാൻ ആരുടേയും കാമുകിയല്ല
അവളും എന്തിനോ പറഞ്ഞു

കള്ളങ്ങൾ പറഞ്ഞു കഴിഞ്ഞു ചിരിച്ചു
കെട്ടിപ്പുണർന്നകന്നു

വിള്ളൽ വീഴാത്ത ഏതോ ബന്ധങ്ങളെ
താങ്ങി വീണ്ടും കള്ളങ്ങൾ

അവനറിയാമായിരുന്നു തെറ്റവന്റേതെന്ന്
പെണ്ണിന്റെ മോഹത്തെ ഉണർത്തിയത്

അവൾക്കറിയാമായിരുന്നു തെറ്റവളുടേതെന്ന്
അവന്റെ ലഹരിയായതിന്

ഏങ്ങിലും ഇതിൽ തെറ്റെന്ത്
തെറ്റും ശരിയുമെന്ത്?

കള്ളങ്ങളുടെ ലോകം ഉറങ്ങുമ്പോൾ
സത്യത്തിന്റെ ലോകം ഉണരുന്നു

സത്യത്തിന്റെ ലോകത്തിൽ
കള്ളത്തരത്തിനു സ്ഥാനമില്ല

കള്ളങ്ങളുടെ ലോകം
അതിൽ സത്യത്തിന്റെ നിഴലാട്ടമുണ്ട്

നിഴലാട്ടത്തിന്റെ താളം സ്വപ്നം കണ്ട്
അവൻ ഉറങ്ങി

മോഹങ്ങളുടെ ലഹരിയിൽ
അലിയാൻ
സത്യത്തെ വീണ്ടും അറിയാൻ